ബാങ്കുകള്‍ അധികമൂലധനം പ്രതീക്ഷിക്കാതെ നേട്ടം കൊയ്യാന്‍ ശ്രമിക്കണം: സാമ്പത്തിക ഉപദേഷ്ടാവ് കെ സുബ്രഹ്മണ്യന്‍

February 10, 2020 |
|
Banking

                  ബാങ്കുകള്‍ അധികമൂലധനം പ്രതീക്ഷിക്കാതെ നേട്ടം കൊയ്യാന്‍ ശ്രമിക്കണം: സാമ്പത്തിക ഉപദേഷ്ടാവ് കെ സുബ്രഹ്മണ്യന്‍

ദില്ലി: 2020-21 വര്‍ഷത്തേക്കുള്ള ബജറ്റില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് അധികമൂലധനം അനുവദിക്കാതിരുന്നത് നല്ല നീക്കമാണെന്ന് മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കെ സുബ്രഹ്മണ്യന്‍. പാപ്പരത്ത നിയമം വഴി ഏതാനും പ്രശ്‌ന പരിഹാരങ്ങള്‍ നടന്നതില്‍ നിന്ന് പൊതുമേഖലാ ബാങ്കുകളുടെ ലാഭത്തില്‍ വര്‍ധനവുണ്ടാകുമെന്നും അദേഹം നിരീക്ഷിച്ചു. അധികമൂലധനം പ്രതീക്ഷിക്കാതെ വിപണിയില്‍ നിന്ന് നേട്ടം കണ്ടെത്താനാണ് ബാങ്കുകള്‍ ശ്രദ്ധിക്കേണ്ടതെന്നും അദേഹം അഭിപ്രായപ്പെട്ടു. പിഎസ് യു  ബാങ്കുകള്‍ക്കെല്ലാം ആവശ്യമായ മൂലധനം കൈവശമുണ്ടെന്ന സൂചനയാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്.

കടക്കെണിയിലായ എസാര്‍ സ്റ്റീലിനെ ഏറ്റെടുക്കാന്‍ ആര്‍സലര്‍ മിത്തലിനെ അനുവദിച്ച സുപ്രിംകോടതി വിധിയിലൂടെ പാപ്പരത്ത നിയമത്തിന് കൂടുതല്‍ സുതാര്യത കൈവന്നിട്ടുണ്ട്. നിഷ്‌ക്രിയ ആസ്തികളായി ബാങ്കുകള്‍ പരിഗണിച്ച് പോരുന്ന അത്തരം അക്കൗണ്ടുകള്‍ നിയമപരമായ തീര്‍പ്പ് വരുന്നതോടെ വീണ്ടും പ്രവര്‍ത്തന സജ്ജമാകും. ഇത് ബാങ്കുകളുടെ ലാഭം വര്‍ധിപ്പിക്കുകയും മൂലധന വളര്‍ച്ചയ്ക്ക് സഹായകമാവുകയും ചെയ്യും. അവശ്യഘട്ടങ്ങളില്‍ ബാങ്കുകള്‍ക്ക് പിന്തുണ നല്‍കിയ സര്‍ക്കാര്‍ ഇപ്പോള്‍ അവ സ്വയം പര്യാപ്തരാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദേഹം പറഞ്ഞു. വര്‍ഷാവര്‍ഷ ലാഭത്തില്‍ 41% വളര്‍ച്ചയാമ് ഡിസംബര്‍ പാദത്തില്‍ എസ്ബിഐ റിപ്പോര്‍ട്ട് ചെയ്തത്.ആര്‍സലര്‍ മിത്തലിന്റെ എസ്സാര്‍ സ്റ്റീല്‍ ഏറ്റെടുക്കല്‍ വഴി ലഭിച്ച പതിനൊന്നായിരം കോടിയും ഒപ്പം റീട്ടെയില്‍ വായ്പകളില്‍ നിന്ന് ലഭിച്ച ആരോഗ്യകരമായ വരുമാനവും മൂലം 5583 കോടിരൂപയുടെ ലാഭമാണ് ഡിസംബര്‍ പാദത്തില്‍ എസ്ബിഐക്ക് നേടാനായത്. സഹകമ്പനികളുടം ഓഹരി വിറ്റഴിച്ച് എസ്ബിഐയും ഒപ്പം ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള ഐഡിബിഐയും വിപണിയില്‍ നിന്ന് മൂലധനം സമാഹരിക്കാനുള്ള ഒരുക്കത്തിലാണ്.

Related Articles

© 2025 Financial Views. All Rights Reserved