
ദില്ലി: പ്രമുഖ പൊതുമേഖലാ ബാങ്ക് രണ്ടായിരം നോട്ടിന്റെ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. പതിവായുള്ള വിതരണത്തില്‍ നിന്ന് മാറ്റി രണ്ടായിരം രൂപയുടെ നോട്ടുകള്‍ സൂക്ഷിക്കാനാണ് സീനിയര്‍ മാനേജ്‌മെന്റിന് പ്രമുഖ ബാങ്ക് നിര്‍ദേശം നല്‍കിയത്. ബിസിനസ് ഇന്‍സൈഡറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഈ കറന്‍സിയുടെ വ്യാജന്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇത് കേന്ദ്രസര്‍ക്കാര്‍ തള്ളുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 2000 രൂപ നോട്ടുകളുടെ വിതരണവും എടിഎമ്മില്‍ നിറയ്ക്കുന്നതിനും ബാങ്ക് നിയന്ത്രണം കൊണ്ടുവന്നത്. നിക്ഷേപമായി ഇടപാടുകാര്‍ നല്‍കുന്ന നോട്ടുകള്‍ സ്വീകരിക്കുന്നുണ്ട്. അടുത്തിടെ പിടികൂടിയ കള്ളനോട്ടുകളില്‍ അധികവും രണ്ടായിരത്തിന്റേതാണ്. ഇതിനെ തുടര്‍ന്ന് അച്ചടിയും കുറച്ചിട്ടുണ്ട്.