ക്രെഡിറ്റ് കാര്‍ഡ് കുരുക്കാവാതിരിക്കാന്‍ ശ്രദ്ധിക്കണേ; ഗ്രേസ് പീരിയഡ് മുതല്‍ ലേറ്റ് പേയ്‌മെന്റ് ചാര്‍ജിനെ പറ്റി കൃത്യമായി അറിഞ്ഞിരിക്കാം; എടിഎമ്മുകളില്‍ പണം പിന്‍വലിക്കാന്‍ ഉപയോഗിച്ചാലും സംഗതി പണിയാണേ; ക്രെഡിറ്റ് കാര്‍ഡും മുഖ്യകാര്യങ്ങളും

July 22, 2019 |
|
Banking

                  ക്രെഡിറ്റ് കാര്‍ഡ് കുരുക്കാവാതിരിക്കാന്‍ ശ്രദ്ധിക്കണേ; ഗ്രേസ് പീരിയഡ് മുതല്‍ ലേറ്റ് പേയ്‌മെന്റ് ചാര്‍ജിനെ പറ്റി കൃത്യമായി അറിഞ്ഞിരിക്കാം; എടിഎമ്മുകളില്‍ പണം പിന്‍വലിക്കാന്‍ ഉപയോഗിച്ചാലും സംഗതി പണിയാണേ; ക്രെഡിറ്റ് കാര്‍ഡും മുഖ്യകാര്യങ്ങളും

ബാങ്കിങ് സേവനങ്ങളില്‍ വിപ്ലവം സൃഷ്ടിച്ച ഒന്നാണ് ക്രെഡിറ്റ് കാര്‍ഡ്. പണം കടം നല്‍കുന്നവരെ ബ്ലേഡ് എന്ന് നാം വിളിച്ച് കേട്ടിട്ടുണ്ട്. പ്ലാസ്റ്റിക്ക് മണി എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന ക്രെഡിറ്റ് കാര്‍ഡ് സൂക്ഷിച്ചല്ല ഉപയോഗിക്കുന്നതെങ്കില്‍ ബ്ലേഡിനേക്കാള്‍ ക്രൂരമായി മുറിവ് പറ്റുമെന്നുറപ്പാണ്.  ഇപ്പോഴത്തെ മിക്ക ബാങ്കുകളില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് സേവനം ലഭ്യമാണ്. വിവിധ തരത്തിലുള്ള ഓഫറുകള്‍ വച്ച് ഉപഭോക്താക്കളെ മാടിവിളിക്കുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. ഇഎംഐ സൗകര്യം, റിവാര്‍ഡ് പോയിന്റുകള്‍, തിരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡുകള്‍ക്ക് മാത്രം ഡിസ്‌കൗണ്ട്, ഫ്രീയായി ലഭിക്കുന്ന സിനിമാ ടിക്കറ്റ് തുടങ്ങി വിവിധ വമ്പന്‍ കമ്പനികളുമായി ചേര്‍ന്ന് നിരവധി ഓഫറുകളാണ് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട ചില സുപ്രധാന കാര്യങ്ങള്‍ വിട്ടു പോയാല്‍ സംഗതി വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നിങ്ങളെ നയിക്കുമെന്നുറപ്പ്. എല്ലാ ക്രെഡിറ്റ് കാര്‍ഡിനും ബില്‍ പേ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗ്രേസ് പീരിയഡുണ്ട്. പലിശ രഹിതമായി നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ചെലവാക്കിയ പണം തിരികെ നല്‍കുന്നതിനുള്ള സാവകാശമാണ് ഗ്രേസ് പീരിയഡ്. സാധാരണയായി 50 ദിവസമാണ് ഗ്രേസ് പീരിയഡ്. സാധാരണയായി ബില്ലിങ് സൈക്കിള്‍ ആരംഭിക്കുന്നത് എല്ലാ മാസവും 11ാം തീയതിയാണ്. അത് തിരിച്ചടയ്ക്കാന്‍ 50 ദിവസം സമയമുണ്ട്. അതായത് അടുത്ത മാസം 30ന് അത് തിരിച്ചടയ്ക്കണം. ഇത് കൃത്യമായി അടയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മികവുറ്റതാക്കുന്നതിനും സഹായിക്കും. 

എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് പണം അനിയന്ത്രിതമായി പോകാന്‍ കാരണമാകും. എടിഎമ്മില്‍ നിന്നും പിന്‍വലിക്കുന്നതിന് ഗ്രേയ്‌സ് പീരിയഡ് ഇല്ല എന്നതും മറക്കരുത്. എല്ലാ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ആനുവല്‍ ഫീ, ജോയിനിങ് ഫീ, ലേറ്റ് പേയ്‌മെന്റ് ചാര്‍ജസ് എന്നിവയുണ്ട്. അതിനാല്‍ തന്നെ വിവിധ ബാങ്കുകള്‍ ഇത്തരം ഫീസായി എത്രത്തോളം ഈടാക്കുമെന്ന് നോക്കി വേണം ക്രെഡിറ്റ് കാര്‍ഡ് എവിടെ നിന്ന് വേണമന്ന് തീരുമാനിക്കാന്‍. 

ഡെബിറ്റ് കാര്‍ഡിനേക്കാള്‍ സുരക്ഷിതമാണ് ക്രെഡിറ്റ് കാര്‍ഡ്. ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ വളരെ കുറവായിരിക്കും. തികവേറിയതും അതീവ സുരക്ഷിതവുമായ പാസ്വേഡ് സംവിധാനമാണ് ക്രെഡിറ്റ് കാര്‍ഡിനെ, ഡെബിറ്റ് കാര്‍ഡിനേക്കാള്‍ സുരക്ഷിതമാക്കുന്നത്. ന്‍കിട ഗൃഹോപകരണങ്ങളായ ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവ ഇഎംഐയിലൂടെ വാങ്ങാനാകുമെന്നതാണ് ക്രെഡിറ്റ് കാര്‍ഡിന്റെ മറ്റൊരു സൗകര്യം. മാസ തവണകളായി ക്രെഡിറ്റ് കാര്‍ഡിലൂടെ തന്നെ ഈ പേമെന്റ് ഒടുക്കാം. ബാങ്ക് വഴി ഇഎംഐ എടുക്കുമ്പോള്‍ വ്യക്തിഗത വായ്പയായാണ് അത് ലഭിക്കുക. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് കൈവശമുള്ളവര്‍ക്ക് ഇഎംഐ വ്യവസ്ഥയില്‍ സാധനം വാങ്ങാന്‍, വ്യക്തിഗത ബാങ്ക് വായ്പയുടെ ആവശ്യമില്ല.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയോ ബില്ല് അടയ്ക്കുകയോ ചെയ്യുമ്പോള്‍ ചില ബാങ്കുകള്‍ കാഷ്ബാക്ക് ഓഫറുകള്‍ നല്‍കാറുണ്ട്. ചില അവസരങ്ങളില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലുകളും ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് കാഷ്ബാക്ക് ഓഫര്‍ നല്‍കാറുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് പലതരം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്. ട്രാവല്‍ ഇന്‍ഷുറന്‍സ്, റെന്റല്‍ കാര്‍ ഇന്‍ഷുറന്‍സ്, സാധനങ്ങള്‍ വാങ്ങുമ്പോള്‍ അധിക വാറന്റി എന്നിവയൊക്കെ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ലഭിക്കും. ക്രെഡിറ്റ് കാര്‍ഡ് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോഴും ഉപയോഗിക്കാനാകും. വിദേശത്തേക്ക് പോകുമ്പോള്‍, കാര്‍ വാടകയ്ക്ക് എടുക്കുന്നതിനോ, ഹോട്ടല്‍ മുറി ബുക്ക് ചെയ്യുന്നതിനോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. എന്നാല്‍ ഈ സൗകര്യം എല്ലാ ഡെബിറ്റ് കാര്‍ഡുകള്‍ക്കും വിദേശത്ത് ലഭ്യമാകില്ല.

ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ഓര്‍ക്കുക

ഉപയോഗതിനു മുമ്പ് ക്രെഡിറ്റ് കാര്‍ഡിന്റെ ഉപാധികളും വ്യവസ്ഥകളും ഉടമ കൃത്യമായി ചോദിച്ചറിയുക.

ഉപയോഗിച്ച പണം കാലാവധിക്കുള്ളില്‍ അക്കൗണ്ടില്‍ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

ബാങ്കില്‍ നിന്നു ലഭിച്ച പിന്‍ നമ്പര്‍ മാറ്റി പുതിയത് സെറ്റ് ചെയ്യുക.

പിന്‍നമ്പര്‍ മറ്റാര്‍ക്കും നല്‍കാതിരിക്കുക.

പിന്‍നമ്പര്‍ കാര്‍ഡിന്റെ കവറിലോ മൊബൈലിലോ സൂക്ഷിക്കാതിരിക്കുക.

ബാങ്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ബാങ്കില്‍ നിന്നു വരുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കുക.

അക്കൗണ്ടുമായും കാര്‍ഡുമായും ബന്ധപ്പെട്ട് വരുന്ന മെസേജുകള്‍ക്കു ബാങ്കുമായി ബന്ധപ്പെട്ട ശേഷം മാത്രം പ്രതികരിക്കുക.

ഫോണില്‍ ആരുവിളിച്ചാലും പിന്‍നമ്പര്‍ വെളിപ്പെടുത്താതിരിക്കുക.

കാര്‍ഡ് ഉപയോഗിച്ച് പണം അടയ്ക്കുമ്പോള്‍ ബന്ധപ്പെട്ട വെബ് സൈറ്റുകള്‍

സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുക.

ഓണ്‍ലൈനില്‍ കാര്‍ഡിന്റെ വിവരങ്ങള്‍ സേവ് ചെയ്യാതിരിക്കുക.

കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ട് കാര്‍ഡ് ബ്ലോക്ക് ചെയ്യുക.

Related Articles

© 2025 Financial Views. All Rights Reserved