
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വായ്പകളുടെ എംസിഎല്‍ആര്‍ നിരക്ക് 15 ബേസിസ് പോയിന്റ് കുറച്ചതായി പ്രഖ്യാപിച്ചു. 2020 മെയ് 10 മുതല്‍ പ്രതിവര്‍ഷം 7.40 ശതമാനത്തില്‍ നിന്ന് എംസിഎല്‍ആര്‍ പ്രതിവര്‍ഷ നിരക്ക് 7.25 ശതമാനമായി കുറയും.
ബാങ്കിന്റെ തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ എംസിഎല്‍ആര്‍ നിരക്ക് കുറയ്ക്കലാണിത്. കുറച്ചതിനുശേഷം, യോഗ്യതയുള്ള ഭവനവായ്പ അക്കൗണ്ടുകളിലെ (എംസിഎല്‍ആറുമായി ലിങ്ക് ചെയ്തിട്ടുള്ള) ഇഎംഐകള്‍ക്ക് 30 വര്‍ഷത്തെ വായ്പയ്ക്ക് ഏകദേശം 255 രൂപ കുറവ് ലഭിക്കുമെന്ന് എസ്ബിഐ അറിയിച്ചു.
എംസിഎല്‍ആര്‍ നിരക്കുകള്‍ ബാങ്കിന്റെ സ്വന്തം ഫണ്ടുകളുടെ ചിലവ് അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങളുടെ ഭവനവായ്പ എസ്ബിഐയുടെ എംസിഎല്‍ആര്‍ നിരക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍, എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വായ്പകള്‍ക്ക് സാധാരണയായി ഒരു വര്‍ഷത്തെ പുന: സജ്ജീകരണ ക്ലോസ് ഉള്ളതിനാല്‍ ഏറ്റവും പുതിയ നിരക്ക് കുറയ്ക്കല്‍ ഉടനടി നിങ്ങളുടെ ഇഎംഐകളെ കുറയ്ക്കില്ല.
എസ്ബിഐ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളുടെ (എഫ്ഡി) പലിശനിരക്കും വെട്ടിക്കുറച്ചു. 2020 മെയ് 12 മുതല്‍ പ്രാബല്യത്തില്‍ വരുന്ന എസ്ബിഐ റീട്ടെയില്‍ ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് മൂന്ന് വര്‍ഷം വരെ കാലാവധികള്‍ക്ക് 20 ബിപിഎസ് കുറച്ചു. രണ്ട് മാസത്തിനുള്ളില്‍ എഫ്ഡി നിരക്കുകള്‍ മൂന്നാം തവണയാണ് കുറയ്ക്കുന്നത്.