
കേരളം നിക്ഷേപക സൗഹൃദമാകുകയാണ്. ചുവപ്പുനാടയില്‍ കുടുങ്ങുന്ന സംസ്ഥാനമെന്ന ചീത്തപ്പേര് മാറ്റാനായി നിരവധി പദ്ധതികള്‍ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപംനല്‍കിക്കൊണ്ടിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് 'കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങള്‍ സുഗമമാക്കല്‍ ആക്ട്് 2019'.പത്ത് കോടിരൂപാ വരെ മുതല്‍മുടക്കുള്ള സംരംഭം തുടങ്ങാന്‍ മൂന്ന് വര്‍ഷത്തേക്ക് ഒരു അനുമതിയും വേണ്ട എന്നാണ് ഈ ആക്ട് ആനുശാസിക്കുന്നത്. ഈ നിയമം അനുസരിച്ച് സംരംഭം തുടങ്ങാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നമുക്ക് പരിശോധിക്കാം.
പത്ത് കോടിരൂപാ വരെ നിക്ഷേപമുള്ള സംരംഭം തുടങ്ങാന്‍ മുന്‍കൂര്‍ അനുമതികള്‍ വേണ്ടെന്ന കാര്യം ഓരോ സംരംഭകരും അറിഞ്ഞിരിക്കണം. എല്ലാവിധ അനുമതികള്‍ക്കുമായി കാത്ത് കെട്ടികിടക്കേണ്ട ദുരവസ്ഥ ഇനിയുണ്ടാകില്ല. സൂക്ഷ്മ,ചെറുകിട,ഇടത്തരം സംരംഭകര്‍ക്കാണ് ഈ നിയമം ഗുണകരമാകുന്നത്.അനുമതികള്‍ക്കായുള്ള കാത്തുക്കെട്ടികിടക്കല്‍ ഇല്ലാതായാല്‍ തന്നെ ഒരുപരിധിവരെയുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം. ആദ്യം നോഡല്‍ ഏജന്‍സിയായ ജില്ലാ ബോര്‍ഡ് മുമ്പാകെ സ്വയം സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം നല്‍കാം. ഇതിന് പകരമായി രസീത് ബോര്‍ഡ് നല്‍കും.
ഈ രസീത് കിട്ടിക്കഴിഞ്ഞാല്‍ സംരംഭം തുടങ്ങാം. എന്തെളുപ്പമാണ് കാര്യങ്ങള്‍ . ഇത്തരം നിക്ഷേപക അനുമതിക്കുള്ള ഓണ്‍ലൈന്‍ ഏകജാലക സംവിധാനമാണ് കെ സ്വിഫ്റ്റ്. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ് സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയിട്ടുണ്ട്. കെ സ്വിഫ്റ്റ് വഴി അപേക്ഷിച്ചാല്‍ രസീത് ഉടന്‍ ഇതുവഴി ലഭ്യമാകും.ഡൗണ്‍ലോഡ് ചെയ്ത് വെക്കാന്‍ മറക്കരുത്. ഈ രസീതിന് മൂന്ന് വര്‍ഷം പ്രാബല്യമുണ്ടാകും.നോഡല്‍ ഏജന്‍സിയില്‍ നേരിട്ട് പോകാതെ കാര്യങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറിന് മുമ്പിലിരുന്ന് നിര്‍വഹിക്കാമെന്ന് സാരം. ഈ രസീത് ഉപയോഗിച്ച് വ്യവസായം ആരംഭിച്ച് ആറ് മാസം കൊണ്ട് ആവശ്യമായ അനുമതികള്‍ വാങ്ങിയെടുക്കാം.അതും കെ സ്വിഫ്റ്റിലൂടെ തന്നെ അപേക്ഷിക്കാം. നടപടികളുടെ നൂലാമാലകള്‍ ഒരുവിധത്തിലും ബാധിക്കാതെ കെ സ്വിഫ്റ്റ് സഹായിക്കും.
2019 ഡിസംബറില്‍ നിലവില്‍ വന്ന പുതിയ നിയമം കെ സ്വിഫ്റ്റില്‍ ഉള്‍പ്പെടുത്തിയതും നിക്ഷേപകര്‍ക്ക് ഗുണമായി. നോഡല്‍ ഏജന്‍സിയില്‍ ചെന്ന് കാത്തുകെട്ടി കിടക്കേണ്ട സ്ഥിതി വരുന്നില്ല. ഈസ് ഓഫ് ഡൂയിങ് ബിസിനസിന് വേണ്ടി സവിശേഷമായ നിയമം പാസാക്കിയ സംസ്ഥാനമാണ് കേരളം. 2018ല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ആക്ട് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നു. നിക്ഷേപക അനുമതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനുണ്ടായിരുന്ന ചീത്തപേര് ഒഴിവാക്കിയെടുക്കുകയാണ് ലക്ഷ്യം.
നിക്ഷേപം നടത്താനുള്ള നടപടികള്‍ ലളിതമാക്കാന്‍ നിലവിലെ ഏഴ് നിയമങ്ങളിലും പത്ത് ചട്ടങ്ങളിലും ഭേദഗതി വരുത്തിയിരുന്നു.ഇപ്പോള്‍ നടപ്പാക്കിയ കെ സ്വിഫ്റ്റില്‍ 14 വിവിധ വകുപ്പുകള്‍/ഏജന്‍സികള്‍ എന്നിവയില്‍ നിന്നുള്ള 31തരം അനുമതികളും ലൈസന്‍സുകളും നല്‍കി വരുന്നു. അപേക്ഷ സമര്‍പ്പിച്ച് 30 ദിവസത്തിനകം ലൈസന്‍സുകളും അനുമതികളും നല്‍കണം. അല്ലാത്തപക്ഷം കല്‍പ്പിത അനുമതി ലഭ്യമായതായി കണക്കാക്കി നിക്ഷേപകന് സംരംഭം തുടങ്ങാം.