
ന്യൂഡൽഹി: കോവിഡ് രോഗ ബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് പ്രീമിയം പുതുക്കി അടയ്ക്കുന്നതിന് ഒരു മാസത്തെ അധിക സമയം അനുവദിച്ചു. കൊറോണ ബാധയെത്തുടർന്ന് വിവിധ സംസ്ഥാനങ്ങള്‍ അടച്ചിടുന്നതുൾപ്പെടെയുള്ള സ്ഥിതികൾ സംജാതമായതിനെത്തുടർന്നാണ് ഈ നീക്കം. 30 ദിവസം ഗ്രേസ് പിരീഡ് അനുവദിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (IRDAI) നിര്‍ദ്ദേശം നല്‍കി.
പോളിസിയിലെ ഇടവേളയായി ഗ്രേസ് പിരീഡ് കണക്കാക്കാതെ 30 ദിവസം വരെ പുതുക്കുന്നതിന് സമയം അനുവദിക്കണമെന്നാണ് ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. പോളിസി തുടരുന്നതിന് ഈ കാലയളവില്‍ തടസ്സമുണ്ടാകരുതെന്നും നോ ക്ലെയിം ബോണസ് ലഭ്യമാക്കണമെന്നും ഐആര്‍ഡിഎയുടെ അറിയിപ്പില്‍ പറയുന്നു. കവറേജ് നിര്‍ത്തലാക്കാതിരിക്കാന്‍ മുന്‍കൂട്ടി പോളിസി ഉടമകളെ ബന്ധപ്പെടണമെന്നും IRDAI നിര്‍ദ്ദേശിച്ചു. അതേസമയം പ്രീമിയം അടയ്ക്കുന്നതിന് പോളിസി ഹോള്‍ഡര്‍മാര്‍ക്ക് ഏപ്രില്‍ 15 വരെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ നേരത്തെ തന്നെ കാലാവധി അനുവദിച്ചിരുന്നു.
പോളിസി ഉടമകള്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനായി സാധ്യമായ മറ്റുവഴികള്‍ തേടണമെന്നും സര്‍ക്കുലറിലുണ്ട്. ടെലഫോണ്‍വഴിയോ ഡിജിറ്റില്‍ സാധ്യതകളുപയോഗിച്ചോ സേവനം നല്‍കാന്‍ തയ്യാറാകണം. പ്രവര്‍ത്തിക്കുന്ന ഓഫീസുകളുടെ വിവരങ്ങളും പ്രീമിയം അടയ്ക്കുന്നതിനും പോളിസികള്‍ പുതുക്കുന്നതിനും ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും ക്ലെയിം തീര്‍പ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ നല്‍കണമെന്നും ഐആര്‍ഡിഎ നിര്‍ദേശിച്ചിട്ടുണ്ട്. അതുപോലെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയോ ഓഡിയോ വിഷ്വല്‍ മാര്‍ഗങ്ങളിലൂടെയോ ജൂണ്‍ 30 വരെ ബോര്‍ഡ് മീറ്റിംഗുകള്‍ നടത്താന്‍ IRDAI ഇന്‍ഷുറന്‍സ് കമ്പനികളെ അനുവദിച്ചു.