
ദില്ലി: ജനുവരി മുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നവര്‍ റുപേ,ഭീം യുപിഐ പ്ലാറ്റ്‌ഫോമുകളില്‍ ഇടപാടുകള്‍ നടത്തുകയാണെങ്കില്‍ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഈടാക്കില്ല. കഴിഞ്ഞ ദിവസം പൊതുമേഖലാ ബാങ്ക് മേധാവികളുമായി നടത്തിയ യോഗത്തിന് ശേഷമാണ് ധനവകുപ്പ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് വൈകാതെ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കും.ഡിജിറ്റല്‍ സംവിധാനത്തിലൂടെ പണം കൈപ്പറ്റുന്നതിന് വ്യാപാരികള്‍ ബാങ്കുകള്‍ക്ക് നല്‍കുന്ന തുകയാണ് എംഡിആര്‍. ഡിജിറ്റല്‍ പണമിടപാടിന് ആവശ്യമായ സജ്ജീകരണങ്ങള്‍ വ്യാപാരികള്‍ക്ക് ഒരുക്കി നല്‍കുന്നത് ബാങ്കുകളാണ്. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരുന്ന ചെലവാണ് വ്യാപാരികളില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കുന്നത്.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ തീരുമാനങ്ങള്‍. എംഡിആര്‍ വ്യാപാരികള്‍ നല്‍കാതെ വരുമ്പോള്‍ ചെലവ് വഹിക്കേണ്ടി വരുന്നത് ബാങ്കുകളും ആര്‍ബിഐയുമാണ്. അടുത്തിടെയാണ് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി ആര്‍ബിഐ നെഫ്റ്റ് ഇടപാടുകള്‍ 24 മണിക്കൂറായി ഉയര്‍ത്തുകയും ഇടപാടിന് നല്‍കേണ്ടി വന്നിരുന്ന ചാര്‍ജ് ഒഴിവാക്കുകയും ചെയ്തിരുന്നത്. ആളുകള്‍ കറന്‍സി കൈകാര്യം ചെയ്യുന്നത് കുറച്ചുകൊണ്ടുവരാനും സമയപരിധിയില്ലാതെ ഓണ്‍ലൈന്‍ വഴി ഇടപാടുകള്‍ നടത്തുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ വലിയൊരു ശതമാനം വ്യാപാരികളും റുപേ,ഭീം യുപിഐ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയിട്ടുണ്ട്. ധനവകുപ്പ്മന്ത്രിയുടെ പുതിയ പ്രഖ്യാപനം ഈ പ്ലാറ്റ്‌ഫോമുകള്‍ വഴി വ്യാപാരികളുടെ ഇടപാടുകള്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.