
ന്യൂഡല്‍ഹി: 19 ബാങ്കുകള്‍ക്ക് നേരെ ആര്‍ബിഐ പിഴ ചുമത്തി. വിദേശ പണം കൈമാറുന്നതിനുള്ള സ്വിഫ്റ്റ് ചട്ടങ്ങള്‍ ലംഘച്ചതിനാണ് ആര്‍ബിഐ 19 ബാങ്കുകള്‍ക്ക് നേരെ 40 കോടി രൂപ പിഴ ചുമത്തിയത്. ഐസിഐസിഐ, എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങി 19 പ്രമുഖ ബാങ്കുകളാണ് സ്വിഫ്റ്റ് മെസേജിങ് സോഫ്റ്റ് വെയറിലെ ചട്ടങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചത്. ഒരു കോടി രൂപ മുതല്‍ നാല് കോടി രൂപ വരെ ബാങ്കുകള്‍ പിഴയായി അടക്കണം.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ സ്വിഫ്റ്റ് മെസേജിങ് സോഫ്റ്റ് വെയറില്‍ വന്‍ കൃത്രിമം നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് നേരെ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് സ്വിഫ്റ്റ് മെസേജിങ് സോഫ്റ്റ് വെയറില്‍ കൃത്രിമം നടത്തി 14000 കോടി രൂപയോളമാണ് കവര്‍ന്നിരുന്നത്.