ഇനി പണവും വീട്ടിലെത്തും; ലോക്ക്ഡൗണിൽ ജനങ്ങളെ സഹായിക്കാൻ എസ്ബിഐ വീട്ടിൽ പണമെത്തിക്കും; വിശദാംശങ്ങൾ അറിയാം

April 03, 2020 |
|
Banking

                  ഇനി പണവും വീട്ടിലെത്തും; ലോക്ക്ഡൗണിൽ ജനങ്ങളെ സഹായിക്കാൻ എസ്ബിഐ വീട്ടിൽ പണമെത്തിക്കും; വിശദാംശങ്ങൾ അറിയാം

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാ‍ജ്യം ലോക്ക്ഡൗൺ ചെയ്ത സാഹചര്യത്തിൽ ബാങ്കിലോ എടിഎമ്മിലോ എത്തി പണമെടുക്കാന്‍ സാധിക്കാത്ത പ്രതിസന്ധി പരിഹരിക്കുന്നതിനായി എസ്ബിഐ പണം വീട്ടിലെത്തിക്കുന്നു. ബാങ്കിം​ഗ് മേഖല അവശ്യ സേവനങ്ങളുടെ പട്ടികയിൽപ്പെടുത്തി തടസ്സമില്ലാതെ പ്രവർത്തിക്കുന്നുവെങ്കിലും ഈ സൗകര്യം ഉപഭോക്താക്കളെ കൂടുതൽ സഹായിക്കും. ഉപഭോക്താക്കളെ സാമൂഹിക അകലം പാലിച്ച് സുരക്ഷിതരായി ഇരിക്കാൻ ഈ സൗകര്യം അനുവദിക്കുമെന്ന് എസ്ബിഐ പറയുന്നു.

നിലവിൽ മുതിര്‍ന്ന പൗന്മാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കാണ് തിരഞ്ഞെടുത്ത ശാഖകളില്‍ നിന്ന് ഈസേവനം ലഭിക്കുക. സേവനത്തെക്കുറിച്ച് കൂടുതല്‍ അറിയാം:

1. പണം നല്‍കല്‍, നിക്ഷേപിക്കാനായി പണം സ്വീകരിക്കല്‍, ചെക്ക് സ്വീകരിക്കല്‍, ഫോം 15എച്ച് സ്വീകരിക്കല്‍, ഡ്രാഫ്റ്റ് നല്‍കല്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കല്‍, കെവൈസി രേഖകള്‍ ശേഖരിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും.

2. സേവനങ്ങള്‍ക്കായി രാവിലെ ഒമ്പതിനും വൈകീട്ട് നാലിനുമിടയില്‍ 1800111103 എന്ന നമ്പറില്‍ ബന്ധപ്പെടുക.

3. അക്കൗണ്ടുള്ള ശാഖകളില്‍നിന്നായിരിക്കും സേവനം ലഭിക്കുക.

4. കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള അക്കൗണ്ട് ഉടമകള്‍ക്കുമാത്രമായിരിക്കും സേവനം ലഭിക്കുക.

5. സാമ്പത്തികേതര ഇടപാടുകള്‍ക്ക് 60 രൂപയും ജിഎസ്ടിയും സാമ്പത്തിക ഇടപാടുകള്‍ക്ക് 100 രൂപയും ജിഎസ്ടിയും സേവന നിരക്കായി നല്‍കേണ്ടിവരും.

6. ഒരുദിവസം പരമാവധി 20,000 രൂപയാണ് പിന്‍വലിക്കാനും നിക്ഷേപിക്കാനും അനുവദിക്കുക.

7. അക്കൗണ്ട് വിവരങ്ങളോടൊപ്പം മൊബൈല്‍ നമ്പര്‍ ഉണ്ടായിരിക്കണം. സ്വന്തം ശാഖയില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലുള്ളവരുമായിരിക്കണം.

8. ജോയിന്റ് അക്കൗണ്ട് ഉടമകള്‍ക്ക് സേവനം ലഭിക്കില്ല.

9. ചെക്ക് അല്ലെങ്കില്‍ പിന്‍വലിക്കല്‍ ഫോം എന്നിവ ഉപയോഗിച്ചാണ് പണം പിന്‍വലിക്കാന്‍ കഴിയുക. പാസ്ബുക്കും കൂടെവേണം.

എസ്ബിഐക്കുപുറമെ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ്, കൊട്ടക് മഹീന്ദ്ര ബാങ്കുകളും ഈ സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved