
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്. എസ്‌ഐബി എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ബാങ്ക് ഇപ്പോള്‍ 500 കോടി രൂപയോളം സമാഹരണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ബേസല്‍ മൂന്ന് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായും, ടയര്‍ ഒന്ന് ബോണ്ടിലൂടെ അഞ്ഞൂറ് കോടി രൂപയോളം സമാഹരണം നടത്തിയെന്നാണ് ഔദ്യോഗികമായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ബേസല്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായ ടയര്‍ ഒന്ന് ഡിബഞ്ചറുകളാണ് ബാങ്ക് പുറത്തിറക്കിയതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബാങ്ക് പുറത്തിറക്കിയ റഗുലേറ്ററിംഗ് ഫയലിംഗിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞദിവസം ബാങ്ക് ഇഷ്യു, ഗ്രീന്‍ ഷ്യൂ എന്നിവ സബ്‌സ്‌ക്രിപ്ഷന്‍ ചെയ്യുകയും അതേ ദിവസം തന്നെ സബ്‌സ്‌ക്രിപ്ഷന്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.
എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായ ബേസല്‍ മൂന്ന് നിബന്ധനകള്‍ ടയര്‍ ഒന്നിലൂടെയാണ് പ്രധാനമായും രാജ്യത്തെ ബാങ്കുകള്‍ മൂലധനം വര്‍ധിപ്പിക്കുക. ബാങ്കുകളുടെ മൂലധനം വര്‍ധിപ്പിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയെന്നതാണ് ടയര്‍ ഒന്നിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവില്‍ ബാങ്കിന്റെ മൂലധന പര്യാപ്തത 2019 ഡിസംബര്‍ 31 ലെ കണക്കുകള്‍ പ്രകാരം 12.1 ശതമാനവുമാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.