
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ വന്‍ തരംഗം സൃഷ്ടിച്ച മോഡലായിരുന്നു മൈക്രോമാക്‌സ്. സാധാരണക്കാരുടെ പോക്കറ്റിലൊതുങ്ങുന്ന ഇവന്‍ വന്‍ ജനസ്വീകാര്യതയാണ് നേടിയത്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്നായിരുന്നു സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഈ മോഡലിന്റെ വളര്‍ച്ച. കൂടുതല്‍ ഫീച്ചറുകള്‍ കുറഞ്ഞ നിരക്കില്‍ . ആ വിപണി സാഹചര്യം കൃത്യമായി മനസിലാക്കിയ മുന്നേറ്റം. എന്നാല്‍ ഇന്ന് സാംസങ് പോലെ വന്‍വിലയുള്ള സ്മാര്‍ട്ട് ഫോണുകളെ തള്ളിമാറ്റി ചൈനീസ് കമ്പനികള്‍ കുതിക്കുമ്പോള്‍ നമ്മുടെ മൈക്രോമാക്‌സ് എവിടെ പോയി എന്ന് ചിന്തിക്കാവരുണ്ടാകില്ല. ഇന്ന് മൈക്രോമാക്‌സ് ഫോണുകള്‍ക്ക് വംശനാശം സംഭവിച്ചു തുടങ്ങിയെന്നാണ് വിപണിയിലുള്ളവര്‍ പറയുന്നത്. മൈക്രോമാക്‌സിന്റെ വിപണി സ്‌പേസ് ആണ്
ചൈനീസ് കമ്പനികളായ ഓപ്പോയും വിവോയും ഷവോമിയുമൊക്കെ സ്വന്തമാക്കിയിരിക്കുന്നത്. വന്‍ ലാഭമാണ് ഇവര്‍ ഈ വിപണിയില്‍ നിന്ന് നേടുന്നത്. അത്രയൊന്നും സജീവമല്ലാതിരുന്നിട്ട് കൂടി മൈക്രോമാക്‌സിന് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 2368.79 കോടിരൂപയാണ്. എന്നാരുന്നാലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നോക്കിയാല്‍ 45% വില്‍പ്പന ഇടിവാണ് കമ്പനിക്ക് നേരിട്ടത്.
മൈക്രോമാക്‌സിന്റെ വരവും തകര്‍ച്ചയും
നോകിയ ഫോണുകളുടെ ഇന്ത്യയിലെ വിതരണക്കാരായാണ് മൈക്രോമാക്‌സ് ഇന്‍ഫോമാറ്റിക്‌സിന്റെ കടനന്നുവരവ്. പേ ഫോണുകള്‍ക്കായിരുന്നു അന്ന് വന്‍ ഡിമാന്റ് . നോകിയ പേ ഫോണ്‍ ബിസിനസ് അവസാനിപ്പിച്ചപ്പോള്‍ മൈക്രോമാക്‌സ് സ്വന്തം നിലയില്‍ തന്നെ ചൈനയില്‍ നിന്ന് ഫോണുകളുടെ ഇറക്കുമതി തുടങ്ങി. ഇത് മൈക്രോമാക്‌സ് എന്ന ബ്രാന്റ് നെയിമില്‍ ഇന്ത്യന്‍ വിപണിയിലെത്തി. മൈക്രോമാക്‌സിന്റെ ഈവിജയമാണ് ചൈനീസ് കമ്പനികളെ ഇന്ത്യന്‍ വിപണികളെ കുറിച്ച് ചിന്തിപ്പിച്ചത്. വിശാല വിപണിയില്‍ കുറഞ്ഞ വിലയില്‍ സ്വന്തം ബ്രാന്റുകള്‍ ചൈന തന്നെ ഇറക്കാന്‍ തുടങ്ങിയപ്പോള്‍ മൈക്രോമാക്‌സിന് ആദ്യത്തെ തിരിച്ചടി ആരംഭിക്കുകയായി.
ഏത് ബിസിനസുകാരനും വേണ്ടത് മാറുന്ന വിപണിയെയും പുതിയ ട്രെന്റുകളെയും കുറിച്ചുള്ള ധാരണയാണ്. എന്നാല്‍ പല ഇന്ത്യന്‍ കമ്പനികള്‍ക്കും ഒരു പ്രശ്‌നമുണ്ട്. പുതിയ ഫീച്ചറുകള്‍ കണ്ടെത്തി സ്വയം വിപണിയിലെത്തിക്കാന്‍ അവര്‍ ശ്രമിക്കാറില്ല. കാരണം കൊള്ളലാഭം മാത്രമാണ് പരിഗണിക്കുക. അതുകൊണ്ട് തന്നെ ചൈനയില്‍ നിന്നുള്ളവ റീപാക്്ക് ചെയ്ത് പുറത്തിറക്കുകയാണ് ചെയ്യുന്നത്. ഇതേരീതി തന്നെ മൈക്രോമാക്‌സും പിന്തുടര്‍ന്നു. 2014-15ല്‍ സിഇഓ സഞ്ജയ് കപൂര്‍ ബാംഗ്ലൂരില്‍ നിന്ന് മൈക്രോമാക്‌സിന് ആര്‍ ആന്റ് ഡി വിഭാഗം തുറന്നു. സ്വന്തം സോഫ്റ്റ് വെയറുകള്‍ സൃഷ്ടിക്കാനായിരുന്നു അദേഹത്തിന്റെ പദ്ധതി.നൂറോളം എഞ്ചിനീയര്‍മാരെ നിയമിക്കുകയും ചെയ്തു. ഇത് നടന്നിരുന്നുവെങ്കില്‍ മൈക്രോമാക്‌സിന്റെ തലവര മറ്റൊന്നായേനേ. എന്നാല്‍ പുതിയ തീരുമാനത്തിന് നേരെ മൈക്രോമാക്‌സിന്റെ മാനേജ്‌മെന്റ് പുറംതിരിഞ്ഞുവെന്ന് മാത്രമല്ല, സിഇഓയെ പുറത്താക്കുകയുംചെയ്തു. ഇത് വലിയ തിരിച്ചടിയാണ് ഭാവിയില്‍ കമ്പനിയെ കാത്തിരുന്നത്.
പിന്നീട് ഇന്ത്യന്‍ ടെലികോം മേഖലയില്‍ വന്‍ വെല്ലുവിളി ഉയര്‍ത്തി റിലയന്‍സ് ജിയോ 4ജി സവിശേഷത അവതരിപ്പിച്ചു. ഇത് ശരിക്കും ഇന്ത്യന്‍ കമ്പനികള്‍ക്ക് മുമ്പില്‍ വലിയൊരു സാധ്യതയായിരുന്നു തുറന്നുവെച്ചത്. എന്നാല്‍ അത് മുതലാക്കാനുള്ള ടെക്‌നോളജി മൈക്രോമാക്‌സ് അടക്കമുള്ള കമ്പനികള്‍ക്ക് ഇല്ലാതെ പോയി. മൈക്രോമാക്‌സിന്റെ 70 % ഫോണുകളും ത്രിജി മാത്രം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളവയായിരുന്നു. മറ്റ് ബ്രാന്റുകള്‍ വിപണി കീഴടക്കിയ ശേഷം വളരെ വൈകിയാണ് മൈക്രോമാക്‌സ് ഈ മേഖലയിലെത്തിയത്. അതുകൊണ്ട് ഈ കുതിരപന്തരയത്തിലും അവര്‍ പുറത്തായി. അയ്യായിരം മുതല്‍ പതിനായിരം രൂപാവരെ വിലയുള്ള ഫോണുകളായിരുന്നു മൈക്രോമാക്‌സ് വിപണിയിലെത്തിച്ചിരുന്നത്. ഈ വിലനിലവാരത്തില്‍ മികച്ച ഫീച്ചറുകളുള്ള വിദേശ ബ്രാന്റുകള്‍ക്കൊപ്പം മത്സരിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. പിന്നീട് വന്ന മാറ്റങ്ങളോടൊന്നും പോസിറ്റീവായി പ്രതികരിക്കാനും ഇവര്‍ക്കായില്ല. പ്രീമിയം ഫോണ്‍ സെഗ്മെന്റിലേക്ക് മാറാന്‍ മൈക്രോമാക്‌സ് തയ്യാറായില്ല. മൈക്രോമാക്‌സ് ടര്‍ബോ എന്ന പേരില്‍ ആലോചനകള്‍ നടത്തിയെങ്കിലും വീണുപോയിരുന്നു മൈക്രോമാകക്‌സ്. ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ മേഖലയുടെ തിരശീലയ്ക്ക് പിറകിലേക്ക് പോകുകയാണ് ഇപ്പോള്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മൈക്രോമാക്‌സ്. ഇനിയൊരു തിരിച്ചുവരവ് സാധ്യമാണോ എന്നത് കമ്പനി തന്നെ തീരുമാനിക്കട്ടെയെന്ന് പറഞ്ഞുകൊണ്ട് സംരംഭക ചരിതത്തില്‍ വിട.