
ന്യൂഡൽഹി: കൊറോണ പശ്ചാത്തലത്തിൽ തകർച്ചയെ അതിജീവിച്ച യെസ് ബാങ്ക് സഹായഹസ്തങ്ങളുമായി എത്തിയിരിക്കുകയാണ്. യെസ് ബാങ്ക് റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് കൊവിഡ്-19 പ്രൊട്ടക്ഷൻ ഇൻഷുറൻസ് പ്ലാൻ പ്രഖ്യാപിച്ചു. യെസ് ബാങ്ക് കസ്റ്റമേഴ്സിനാണ് ഗ്രൂപ്പ് കവറേജ് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.
ക്വാറന്റൈൻ കാലവും കൊവിഡ് രോഗചികിത്സാ ചെലവും ഈ പോളിസിക്കുള്ളിൽ കവർ ചെയ്യും. എത്രയാണോ ചികിത്സാ ചെലവ് അത് 100 ശതമാനവും ഉപഭോക്താവിന് ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മൂന്നു മാസം മുതൽ 60 വയസ്സു വരെ പ്രായമുള്ള ആർക്കും പോളിസിയിൽ ചേരാവുന്നതാണ്. ഒരു ലക്ഷം രൂപയാണ് സം എഷ്വേർഡ് തുക.
ഒരു വർഷമാണ് പോളിസി കാലാവധി. പോളിസിയെടുത്ത് 15 ദിവസം കഴിഞ്ഞാൽ ക്ലെയിം ചെയ്യാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. അപ്രതീക്ഷിത സാഹചര്യങ്ങളിലൂടെയുണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇത്തരമൊരു പ്രൊഡക്ട് തയ്യാറാക്കിയത്. യെസ് ബാങ്കിന് ഇന്ത്യയൊട്ടാകെ നല്ല നെറ്റ് വർക്കുണ്ട്. അവർക്ക് കൂടുതൽ കസ്റ്റമേഴ്സിന് എത്തി ചേരാനും സാധിക്കുമെന്ന് റിലയൻസ് ജനറൽ ഇൻഷുറൻസ് സിഇഒ രാകേഷ് ജെയിൻ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ സിറ്റിസൺ അസിസ്റ്റൻസ് ആന്റ് റിലീഫ് ഇൻ എമർജൻസി സിച്വേഷൻസ് ഫണ്ടിന്റെ (പിഎം കെയേഴ്സ് ഫണ്ട്) സംഭാവന ശേഖരണ ബാങ്കിംഗ് പങ്കാളിയെന്ന നിലയിൽ അടുത്തിടെ യെസ് ബാങ്ക് ചേർന്നിരുന്നു. കോവിഡ് -19 നെ ചെറുക്കുന്നതിനും തുടരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനും പിഎം കെയർസ് ഫണ്ടിലേക്ക് ബാങ്ക് 10 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്.