കിട്ടാക്കടങ്ങള്‍ മറച്ചുവെച്ച യെസ് ബാങ്കിന് 'എട്ടിന്റെ പണി'; സിഇഒ പദവി പോയതിന് പിന്നാലെ സ്ഥാപകന്‍ റാണാ കപൂറിന് ഒരു വര്‍ഷം കൊണ്ട് നഷ്ടമായത് 7000 കോടി; രാജ്യത്തെ നാലാം സ്വകാര്യ ബാങ്ക് നാശത്തിന്റെ വക്കിലോ?

July 20, 2019 |
|
Banking

                  കിട്ടാക്കടങ്ങള്‍ മറച്ചുവെച്ച യെസ് ബാങ്കിന് 'എട്ടിന്റെ പണി'; സിഇഒ പദവി പോയതിന് പിന്നാലെ സ്ഥാപകന്‍ റാണാ കപൂറിന് ഒരു വര്‍ഷം കൊണ്ട് നഷ്ടമായത് 7000 കോടി; രാജ്യത്തെ നാലാം സ്വകാര്യ ബാങ്ക് നാശത്തിന്റെ വക്കിലോ?

മുംബൈ: 2004ല്‍ ചെറിയ രീതിയില്‍ ആരംഭിച്ച് രാജ്യത്തെ നാലാമത്തെ സ്വകാര്യ ബാങ്കായി വളര്‍ന്ന യെസ് ബാങ്ക് ഇപ്പോള്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഈ മാസം വരെയുള്ള കണക്ക് നോക്കിയാല്‍ ബാങ്കിന്റെ 78 ശതമാനം ഓഹരിയാണ് ഇടിഞ്ഞത്. ഇക്കാലയളവിനിടെ മാത്രം ബാങ്ക് സ്ഥാപകനും മുന്‍ സിഇഒയുമായ റാണാ കപൂറിന് 7000 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന വാര്‍ത്തയും പുറത്ത് വന്നതോടെ ബാങ്ക് നാശത്തിന്റെ വക്കിലാണോ എന്ന സംശയമാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്നത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച മാത്രം ബാങ്കിന്റെ ഓഹരി വിലയില്‍ 20 ശതമാനം ഇടിവുണ്ടായതിന് പിന്നാലെയാണ് വെള്ളിയാഴ്ച്ച ഒരു ശതമാനം നഷ്ടത്തില്‍ 85 രൂപയിലാണ് വ്യാപാരം നടന്നത്. 404 രൂപയായിരുന്നു 52 ആഴ്ചയിലെ ബാങ്കിന്റെ ഓഹരിയുടെ ഉയര്‍ന്ന വില. ഇതോടെ, 1.4 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ടായിരുന്ന റാണയുടെ ഓഹരിയുടെ മൊത്തം മൂല്യം 377 മില്യണ്‍ ഡോളറായി ഇതോടെ ഇടിഞ്ഞു. ബ്ലൂംബര്‍ഗിന്റെ കോടീശ്വര പട്ടികയിലെ ആസ്തിയിലെ പ്രകാരം ഓഗസ്റ്റ് 20ന് 1.4 ബില്യണ്‍ കോടി ഡോളറായിരുന്നു റാണയുടെ ആസ്തി. 

15 വര്‍ഷം കൊണ്ട് രാജ്യത്തെ നാലമത്തെ വലിയ ബാങ്കായി യെസ് ബാങ്ക് ഉയര്‍ന്നു.  കിട്ടാക്കടം ഉയര്‍ന്നതിനെതുടര്‍ന്ന് റിസര്‍വ് ബാങ്ക് അദ്ദേഹത്തെ രാജിവെയ്ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. റാണയുടെ കൈവശം യെസ് ബാങ്കിന്റെ 10 ശതമാനം ഓഹരികളാണുള്ളത്. സ്ഥാനമാനങ്ങള്‍ നഷ്ടപ്പെട്ടപ്പോഴും ഓഹരികള്‍ കയ്യൊഴിയാന്‍ അദ്ദേഹം തയ്യാറായില്ല. ഓഹരികള്‍ മുഴുവനും പെണ്‍ മക്കള്‍ക്കായി അദ്ദേഹം നീക്കിവെച്ചു.

റാണാ കപൂറും ബന്ധുവായ അശോക് കപൂറും ചേര്‍ന്ന് 2004 ല്‍ ആരംഭിച്ച യെസ് ബാങ്ക് ക്രമേണ രാജ്യത്തെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കായി വളര്‍ന്നിരുന്നു. ബാങ്കിന്റെ തുടക്കകാലം മുതല്‍ എംഡിയും സിഇഒയും പ്രധാന പ്രമോട്ടറുമാണ് റാണ. അതേസമയം മുംബൈ ഭീകരാക്രണത്തില്‍ ട്രൈഡന്റ് ഹോട്ടലില്‍ വെച്ച് അശേക് കപൂര്‍ കൊല്ലപ്പെടുകയും ചെയ്തു. റാണയുടെ പെണ്‍മക്കളായ രാഖി, രാധ, രോഷ്‌നി എന്നിവരും യെസ് ബാങ്കിന്റെ ഹോള്‍ഡിങ് കമ്പനികളായ യെസ് കാപിറ്റല്‍ (ഇന്ത്യ), മോര്‍ഗാന്‍ ക്രെഡിറ്റ്‌സ് എന്നിവയുടെ ഡയറക്റ്റര്‍മാരാണ്. യഥാക്രമം 3.28, 3.05 ശതമാനം ഓഹരികളാണ് ഈ കമ്പനികള്‍ക്ക് ബാങ്കിലുള്ളത്.

ഒരിക്കല്‍ നാലാം സ്ഥാനത്തായിരുന്ന യെസ് ബാങ്ക് കഴിഞ്ഞ മാസമാണ് ഏറ്റവും മികച്ച 10 സ്വകാര്യ ബാങ്കുകളുടെ പട്ടികയില്‍ നിന്നും പുറത്ത് പോയത്. പത്താം സ്ഥാനത്തു നിന്നും പതിനൊന്നാം സ്ഥാനത്തേക്ക് ബാങ്ക് തള്ളപ്പെടുകയായിരുന്നു. നിഷ്‌ക്രിയ ആസ്തിയുടെ വര്‍ധനവിനെ തുടര്‍ന്ന് ഇന്ത്യയിലെ ബാങ്കുകളെല്ലാം പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കാലയളവില്‍ അതേ പ്രതിസന്ധി മറച്ചുവച്ചതിലൂടെയാണ് യെസ് ബാങ്കിന് തകര്‍ച്ച നേരിട്ടത്. യെസ് ബാങ്കിന്റെ പ്രതിസന്ധി പുറം ലോകം അറിയുന്നത് രണ്ട് വര്‍ഷം മുമ്പാണ്. ബാങ്കിന്റെ പേരിലുള്ള നിഷ്‌ക്രിയ വായ്പയായ 63 കോടി ഡോളര്‍ വെളിപ്പെടുത്തണമെന്ന് ബാങ്കിങ് റെഗുലേറ്റര്‍ ആവശ്യപ്പെട്ടതോടെയാണ് യെസ് ബാങ്ക് പ്രതിസന്ധിക്ക് തുടക്കമാകുന്നത്.

യെസ് ബാങ്കിന്റെ പുതിയ എംഡിയും സിഇഒയുമായി റവ്നീത് സിംഗ് ഗില്ലിനെ ഇക്കഴിഞ്ഞ ജനുവരിയിലാണ് നിയമിച്ചത്. ജര്‍മന്‍ ബാങ്കായ ഡ്യൂഷെയുടെ ഇന്ത്യയിലെ തലവനായിരുന്നു ഗില്‍.  റാണ കപൂറിന്റെ കാലാവധി ജനുവരി 31ന് അവസാനിച്ച പശ്ചാത്തലത്തിലാണ് ബാങ്കില്‍ മേഖലയിലെ വിദഗ്ധനായ റവ്നീത് സിംഗ് ഗില്ലിനെ നിയമിച്ചത്. ഗില്ലിനെ പുതിയ എംഡിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യെസ് ബാങ്കിന്റെ ഓഹരി വില 14.5 ശതമാം വര്‍ധിച്ച് 225.95 രൂപയിലെത്തി. എന്നാല്‍ ഓഹരി വിപണിയില്‍ 0.24 ശതമാനത്തിന്റെ നേട്ടം മാത്രമേ ഇതിലൂടെ കൈവരിക്കാനായുള്ളൂ. എന്നാല്‍ ഇതിന് ശേഷം കാര്യമായ ഉണര്‍വ് യെസ് ബാങ്ക് ഓഹരികളില്‍ ഉണ്ടായില്ല. 

Related Articles

© 2025 Financial Views. All Rights Reserved