
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് ബജറ്റ് ദിനത്തില്‍ നേട്ടം. ഇന്ന് രാവിലെ മുതല്‍ തുടര്‍ന്ന കുതിപ്പ് വ്യാപാരം അവസാനിക്കുമ്പോഴും നിലനിര്‍ത്താന്‍ ഓഹരി വിപണികള്‍ക്ക് സാധിച്ചു. മെറ്റല്‍, ഫാര്‍മ, കാപിറ്റല്‍ ഗുഡ്‌സ് ഓഹരികളുടെ മുന്നേറ്റമാണ് നേട്ടത്തിന് കാരണം. വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് 848.40 പോയിന്റ് മുന്നേറി. 1.46 ശതമാനം ഉയര്‍ന്ന് 58862.57 പോയിന്റിലാണ് സെന്‍സെക്‌സ് നില്‍ക്കുന്നത്. നിഫ്റ്റി 237 പോയിന്റ് ഉയര്‍ന്നു. 1.37 ശതമാനം നേട്ടത്തോടെ 17567 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
ഇന്ന് 1683 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1583 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 98 ഓഹരികളുടെ മൂല്യത്തില്‍ മാറ്റമുണ്ടായില്ല. ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഇന്റസ്ഇന്റ് ബാങ്ക്, ശ്രീ സിമന്റ്‌സ്, ഹിന്റാല്‍കോ ഇന്റസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ പ്രധാന കമ്പനികള്‍. ബിപിസിഎല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ പ്രധാന ഓഹരികളുടെ മൂല്യം ഇടിഞ്ഞു.
മേഖലകള്‍ തിരിച്ച് വിശകലനം ചെയ്യുമ്പോള്‍ ഇന്ന് ഓട്ടോ, ഓയില്‍ ആന്റ് ഗ്യാസ് സെക്ടറുകളില്‍ തിരിച്ചടി നേരിട്ടു. അതേസമയം ബാങ്ക്, കാപിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി, ഫാര്‍മ, ഐടി, റിയാല്‍റ്റി, മെറ്റല്‍ ഓഹരികള്‍ ഒന്ന് മുതല്‍ അഞ്ച് ശതമാനം വരെ മുന്നേറി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികള്‍ ഒരു ശതമാനം വീതം ഉയര്‍ന്നു.