
മുംബൈ: ആഭ്യന്തര ഓഹരി സൂചികകള്‍ ചൊവ്വാഴ്ചയും ഉയര്‍ന്ന മുന്നേറ്റം തുടര്‍ന്നു. എസ് ആന്റ് പി ബിഎസ്ഇ സെന്‍സെക്സ് 672 പോയിന്റ് (1.14 ശതമാനം) ഉയര്‍ന്ന് 59855ലും എന്‍എസ്ഇ നിഫ്റ്റി 50 സൂചിക 179 പോയിന്റ് ഉയര്‍ന്ന് (1.02 ശതമാനം) 17805 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി ക്ലോസിംഗ് ബെല്ലില്‍ 1.15 ശതമാനം ഉയര്‍ന്ന് 36840 ല്‍ എത്തി. ബ്രോഡര്‍ മാര്‍ക്കറ്റുകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു.
എങ്കിലും നിലവാരം കുറഞ്ഞപ്പോള്‍ ഇന്ത്യ വിഐഎക്‌സ് 2% താഴ്ന്നു. സെന്‍സെക്സില്‍ 5.56 ശതമാനം മുന്നേറിയ എന്‍ടിപിസിയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവര്‍ ഗ്രിഡ്, ടൈറ്റന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയും നേട്ടമുണ്ടാക്കി. 1.09 ശതമാനം താഴ്ന്ന സണ്‍ ഫാര്‍മയ്ക്ക് പുറമെ ഇന്ന് സെന്‍സെക്‌സില്‍ അള്‍ട്രാടെക് സിമന്റ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഡോ. റെഡ്ഡീസ് എന്നിവയും തിരിച്ചടി നേരിട്ടു.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ ഇടിഞ്ഞ് 74.56 എന്ന നിലയിലാണ്. മെറ്റലും ഫാര്‍മയും ഒഴികെ, ബാങ്ക്, ഓയില്‍, ഗ്യാസ്, പവര്‍ സൂചികകള്‍ 1-2 ശതമാനം ഉയര്‍ന്നതോടെ എല്ലാ മേഖലാ സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഫ്‌ലാറ്റിലും സ്മോള്‍ക്യാപ് സൂചിക 0.39 ശതമാനം നേട്ടത്തിലും അവസാനിച്ചു.
ബിഎസ്ഇ-ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂലധനം വെറും രണ്ട് ട്രേഡിംഗ് സെഷനുകളില്‍ 5.41 ലക്ഷം കോടി രൂപ ഉയര്‍ന്ന് 2,71,41,356.34 രൂപയായി. ബിഎസ്ഇയില്‍ 1892 ഓഹരികള്‍ നേട്ടമുണ്ടാക്കി മുന്നേറിയപ്പോള്‍ 1492 ഓഹരികളുടെ മൂല്യം ഇന്ന് ഇടിഞ്ഞു.