
മുംബൈ: വ്യാപാര ആഴ്ചയിലെ അവസാന ദിനവും സംഘര്‍ഷത്തില്‍ കലാശിച്ചു. കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നിഫ്റ്റി 16,300ന് താഴെയെത്തി. യൂറോപ്പിലെ ഏറ്റവും വലിയ ആണവ പ്ലാന്റിനുനേരെയുണ്ടായ റഷ്യന്‍ ആക്രമണത്തെതുടര്‍ന്ന് ആഗോളതലത്തില്‍ സൂചികകളില്‍ കനത്ത വില്പന സമ്മര്‍ദമാണുണ്ടായത്. വിതരണശൃംഖലയിലെ തടസ്സവും കുതിക്കുന്ന അസംസ്‌കൃത എണ്ണവിലയും വിപണിയില്‍ അനിശ്ചിതാവസ്ഥ പടര്‍ത്തി.
ആര്‍ബിഐയുടെ ക്ഷമതാപരിധി കടന്ന് പണപ്പെരുപ്പം കൂടുമെന്ന് ഉറപ്പായതും വിപണിയെ ദുര്‍ബലമാക്കി. ഐടി, ഫാര്‍മ ഓഹരികളിലെ നേട്ടമാണ് സൂചികകളെ കനത്ത നഷ്ടത്തില്‍ നിന്ന് കാത്തത്. സെന്‍സെക്സ് 768.87 പോയിന്റ് നഷ്ടത്തില്‍ 54,333.81ലും നിഫ്റ്റി 252.60 പോയിന്റ് താഴ്ന്ന് 16,245.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടൈറ്റന്‍ കമ്പനി, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്, ഹീറോ മോട്ടോര്‍കോര്‍പ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, അള്‍ട്രടെക് സിമെന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. ഐടി ഒഴികെയുള്ള സെക്ടറുകള്‍ നഷ്ടം നേരിട്ടു. ഓട്ടോ, മെറ്റല്‍, പവര്‍, ക്യാപിറ്റല്‍ ഗുഡ്സ്, റിയാല്‍റ്റി സൂചികകള്‍ 2-3 ശതമാനമാണ് താഴ്ന്നത്. ബിഎസ്ഇ മിഡ്ക്യാപ് 2.3 ശതമാനവും സ്മോള്‍ക്യാപ് 1.6 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.