
മുംബൈ: ഓഹരി വിപണി ചൊവാഴ്ചയും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. അവസാന മണിക്കൂറിലാണ് വിപണി വില്പന സമ്മര്‍ദം നേരിട്ടത്. കോവിഡ് കേസുകള്‍ വ്യാപിക്കുന്നതും പ്രതിരോധകുത്തിവെയ്പ് മന്ദഗതിയിലായതും നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി. സെന്‍സെക്സ് 465.01 പോയന്റ് നഷ്ടത്തില്‍ 48,253.51ലും നിഫ്റ്റി 137.70 പോയന്റ് താഴ്ന്ന് 14,496.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1374 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1534 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികള്‍ക്ക് മാറ്റമില്ല.
ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എസ്ബിഐ ലൈഫ്, ഒഎന്‍ജിസി, ബിപിസിഎല്‍, ബജാജ് ഫിനാന്‍സ്, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. പൊതുമേഖല ബാങ്ക് സൂചികമാത്രമാണ് നേട്ടമുണ്ടാക്കിയത്. സൂചിക 3.5ശതമാനം ഉയര്‍ന്നു. ലാഭമെടുപ്പിനെതുടര്‍ന്ന് ഫാര്‍മ സൂചിക സമ്മര്‍ദത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.