
മുംബൈ: കനത്ത തകര്‍ച്ചയുടെ ദിനങ്ങള്‍ പിന്നിട്ട് രണ്ടാം ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 16,300ന് മുകളിലെത്തി. ഓട്ടോ, ധനകാര്യം, റിയാല്‍റ്റി തുടങ്ങിയ മേഖലകളിലെ ഓഹരികളുടെ കരുത്തിലാണ് സൂചികകള്‍ കുതിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന് അയവുവരുമെന്ന പ്രതീക്ഷയും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഒഴിവാക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചെങ്കിലും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇറക്കുമതി തുടരാന്‍ തീരുമാനച്ചതും വിപണിയെ സ്വാധിനിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ, എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായതും വിപണി നേട്ടമാക്കി.
സെന്‍സെക്സ് 1,223.24 പോയിന്റ് ഉയര്‍ന്ന് 54,467.33ലും നിഫ്റ്റി 331.90 പോയിന്റ് നേട്ടത്തില്‍ 16,345.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീ സിമെന്റ്സ്, പവര്‍ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, എന്‍ടിപിസി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. മെറ്റല്‍ ഒഴികെയുള്ള സൂചികകള്‍ കരുത്തുകാട്ടി. ക്യാപിറ്റല്‍ ഗുഡ്സ്, ഓട്ടോ, റിയാല്‍റ്റി സൂചികകള്‍ 2-3 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ രണ്ടുശതമാനം വീതം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.