
സംസ്ഥാന തെരഞ്ഞെടുപ്പ് ഫലത്തിലെ വിജയാഹ്ലാദത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയും. കഴിഞ്ഞ രണ്ടുദിവസങ്ങളുടെ തുടര്‍ച്ചയായി, ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലാണ് ഇന്നുടനീളം വ്യാപാരം നടത്തിയത്. 54,647 പോയിന്റില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്സ് സൂചിക രാവിലെ മൂന്ന് ശതമാനത്തോളം കുതിച്ചുയര്‍ന്നെങ്കിലും ഉച്ചയ്ക്ക് ശേഷം മുന്നേറ്റത്തിന്റെ ശക്തി കുറഞ്ഞു. 817 പോയിന്റ്, അഥവാ 1.5 ശതമാനം നേട്ടത്തോടെയാണ് സെന്‍സെക്സ് സൂചിക ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 249 പോയിന്റ് (1.53 ശതമാനം) ഉയര്‍ന്ന് 16,594 ലാണ് ക്ലോസ് ചെയ്തത്.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ നാലിടത്തും കേന്ദ്രഭരണ പാര്‍ട്ടിയായ ബിജെപിക്ക് അനുകൂലമായതാണ് വിപണിയെ പോസിറ്റീവില്‍ നിലനിര്‍ത്തിയത്. എഫ്എംസിജി, പൊതുമേഖലാ ബാങ്കുകള്‍, റിയല്‍റ്റി മേഖലകള്‍ എന്നിവവയാണ് ഇന്ന് വിപണിയെ മുന്നോട്ടുനയിച്ചത്.
5 ശതമാനം ഉയര്‍ന്ന് എച്ച് യു എല്‍ മികച്ച നേട്ടമുണ്ടാക്കി. ടാറ്റ സ്റ്റീല്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഐഒസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികള്‍ 3 മുതല്‍ 4 ശതമാനം വരെ ഉയര്‍ന്നു. കോള്‍ ഇന്ത്യ (4.4 ശതമാനം ഇടിവ്), ടെക് എം, ഒഎന്‍ജിസി, ഡോ റെഡ്ഡീസ് ലാബ്സ്, യുപിഎല്‍, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല. വിശാല വിപണിയില്‍ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1 ശതമാനം വീതം ഉയര്‍ന്നു. മൊത്തത്തില്‍, ആയിരത്തില്‍ താഴെ ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 2,400-ലധികം ഓഹരികള്‍ മുന്നേറി.