
മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്സ് നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. മെറ്റല്‍, ഓട്ടോ, ഫാര്‍മ ഓഹരികളാണ് സമ്മര്‍ദംനേരിട്ടത്. സെന്‍സെക്സ് 41.75 പോയിന്റ് ഉയര്‍ന്ന് 48,732.55ലും നിഫ്റ്റി 18.70 പോയിന്റ് താഴ്ന്ന് 14,677.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1402 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1627 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 141 ഓഹരികള്‍ക്ക് മാറ്റമില്ല.
കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഏഷ്യന്‍ പെയിന്റ്സ്, യുപിഎല്‍, നെസ് ലെ, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു. എഫ്എംസിജി ഒഴികെയുള്ള സൂചികകള്‍ നഷ്ടത്തിലേയ്ക്കുപതിച്ചു. മെറ്റല്‍ സൂചിക നാലുശതമാനത്തോളമാണ് താഴ്ന്നത്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏജന്‍സികള്‍ രാജ്യത്തിന്റെ ജിഡിപി അനുമാനം താഴ്ത്തിയതും വാക്സിനേഷന്‍ മന്ദഗതിയിലായതുമാണ് വിപണിയെ ബാധിച്ചത്. അതേസമയം, രൂപയുടെ മൂല്യത്തില്‍ 13 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 73.29 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.