
മുംബൈ: ആഗോള അനിശ്ചിതത്വവും രാജ്യത്തെ പണപ്പെരുപ്പ നിരക്കിലെ വര്‍ധനവും മറ്റും ഓഹരി വിപണിയെ കനത്ത നഷ്ടത്തിലെത്തിച്ചു. ഐടി, ബാങ്ക് ഓഹരികള്‍ കനത്ത വില്പന സമ്മര്‍ദം നേരിട്ടു. സെന്‍സെക്സ് 1,172.19 പോയിന്റ് നഷ്ടത്തില്‍ 57,166.74ലിലും നിഫ്റ്റി 302 പോയിന്റ് താഴ്ന്ന് 17,173.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മാര്‍ച്ച് പാദത്തിലെ കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങള്‍ പ്രതീക്ഷിച്ചതുപോലെ മികവ് പുലര്‍ത്താതിരുന്നത് സൂചികകളുടെ കരുത്തു ചോര്‍ത്തി. ഐടി സൂചിക കനത്ത നഷ്ടം നേരിട്ടു.
ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റല്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. എന്‍ടിപിസി, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്സി ലൈഫ്, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.
ഐടി സൂചിക 4.7ശതമാനമാണ് താഴ്ന്നത്. റിയാല്‍റ്റി, ബാങ്ക് സൂചികകള്‍ ഒരു ശതമാനംവീതവും നഷ്ടംനേരിട്ടു. അതേസമയം, ഓട്ടോ, മെറ്റല്‍, എഫ്എംസിജി ഓഹരികളില്‍ നിക്ഷേപക താല്‍പര്യം പ്രകടമായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനംവീതം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.