
മുംബൈ: നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും ഐടി, ഓട്ടോ ഓഹരികളിലെ മുന്നേറ്റം വിപണിക്ക് തുണയായി. അവസാന മണിക്കൂറില്‍ സൂചികകകള്‍ മികച്ച നേട്ടത്തിലായി. സെന്‍സെക്സ് ദിനവ്യാപാരത്തിലെ താഴ്ന്ന നിലവാരമായ 56,930ല്‍ നിന്ന് 1,059 പോയിന്റ് കുതിച്ചു. ഒടുവില്‍ 696.81 പോയിന്റ് നേട്ടത്തില്‍ 57,989.30ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 197.90 പോയന്റ് ഉയര്‍ന്ന് 17,315.50ലുമെത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കുതിപ്പും സൂചികകള്‍ക്ക് കരുത്തായി. ഓഹരി വില 2.5ശതമാനം ഉയര്‍ന്ന് രണ്ടുമാസത്തെ ഉയര്‍ന്ന നിലവാരമായ 2,535 രൂപയിലെത്തി. ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ബിപിസിഎല്‍, ഐടിസി, ജെഎസ്ഡബ്ല്യുസ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ഭാരതി എയര്‍ടെല്‍, വിപ്രോ, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ 1-4ശതമാനം ഉയര്‍ന്നു.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ, ബ്രിട്ടാനിയ, സിപ്ല തുടങ്ങിയ ഓഹരികള്‍ 2-3ശതമാനം നഷ്ടം നേരിട്ടു. പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍സിന്റെ ഓഹരി കനത്ത സമ്മര്‍ദം നേരിട്ടു. ഒരുമാസത്തിനിടെ 32 ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്. നിഫ്റ്റി ഐടി രണ്ടുശതമാനവും ഓട്ടോ സൂചിക ഒരു ശതമാനവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികളും നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.