
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകളിലെ കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടങ്ങളില്‍ ഭൂരിഭാഗവും വീണ്ടെടുത്തു. സെന്‍സെക്‌സ് 835.06 പോയിന്റ് അഥവാ 2.28 ശതമാനം ഉയര്‍ന്ന് 37388.66 ല്‍ എത്തി. നിഫ്റ്റി 244.80 പോയിന്റ് അഥവാ 2.27 ശതമാനം ഉയര്‍ന്ന് 11050.30 ല്‍ എത്തി. 1953 ഓളം ഓഹരികള്‍ ഇന്ന് മുന്നേറി, 648 ഓഹരികള്‍ ഇടിഞ്ഞു, 165 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.
ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍, സിപ്ല, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവ നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍. എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 2 മുതല്‍ 3 ശതമാനം നേട്ടം കൈവരിച്ചു.
ഇന്നത്തെ വ്യാപാര ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ സ്ഥിരമായ നേട്ടമാണ് കൈവരിച്ചത്. ഒടുവില്‍ 2% ത്തില്‍ കൂടുതല്‍ നേട്ടത്തില്‍ അവസാനിക്കുകയും ചെയ്തു. ഇന്നലത്തെ വ്യാപാരത്തിലെ നഷ്ടം ഏതാണ്ട് പൂര്‍ണ്ണമായും വീണ്ടെടുത്തു. ആഗോളതലത്തില്‍ നെഗറ്റീവ് സൂചനകള്‍ ഉണ്ടായിരുന്നിട്ടും ഇന്നത്തെ നേട്ടം ഗവണ്‍മെന്റിന്റെ കൂടുതല്‍ ഉത്തേജക നടപടികളുടെ പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.