
ഇന്ത്യന്‍ സൂചികകള്‍ ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിച്ചു. ഓട്ടോ, ഫിനാന്‍ഷ്യല്‍ ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്, ടാറ്റ മോട്ടോഴ്സ് അഞ്ച് ശതമാനത്തിലധികം ഉയര്‍ന്നു, ഇന്നത്തെ ഏറ്റവും മികച്ച നേട്ടം കൈവരിച്ചത് ടാറ്റാ മോട്ടോഴ്‌സ് ആണ്. സെന്‍സെക്‌സ് 45 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 38,844 ലെത്തി. നിഫ്റ്റി 50 സൂചിക 6 പോയിന്റ് ഉയര്‍ന്ന് 11,472 ല്‍ ആണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോള്‍കാപ്പ് സൂചികകള്‍ യഥാക്രമം 0.34 ശതമാനവും 0.54 ശതമാനവും ഉയര്‍ന്നു.
ടാറ്റാ മോട്ടോഴ്സിന്റെ ഓഹരികള്‍ എന്‍എസ്ഇയില്‍ അഞ്ച് ശതമാനം ഉയര്‍ന്ന് 127.40 രൂപയായി. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തെ തുടര്‍ന്നാണ് ഓഹരി വില കുത്തനെ ഉയര്‍ന്നത്. കേരളം ആസ്ഥാനമായുള്ള കല്യാണ്‍ ജ്വല്ലേഴ്സ് 1,750 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) പ്രഖ്യാപിച്ചു. മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യില്‍ കമ്പനി ഓഫര്‍ രേഖ സമര്‍പ്പിച്ചു. ടൈംലൈന്‍, ഇഷ്യു വലുപ്പം, പ്രൈസ് ബാന്‍ഡ് എന്നിവ പ്രഖ്യാപിച്ചിട്ടില്ല.
നിഫ്റ്റി പിഎസ്യു ബാങ്ക് ഇന്നത്തെ ഏറ്റവും മികച്ച പ്രകടന കാഴ്ച്ച വച്ച സൂചികയായി തുടര്‍ന്നു. നിഫ്റ്റി ബാങ്ക് 1.34 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ഫിനാന്‍ഷ്യല്‍സ് 0.91 ശതമാനം ഉയര്‍ന്നു. അതേസമയം, നിഫ്റ്റി റിയല്‍റ്റി 2.14 ശതമാനം ഇടിവ് രേഖപ്പെടുത്തി. ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ്, എസ്ബിഐ, ടെക് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്സ് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും മികച്ച നേട്ടം കൈവരിച്ച ഓഹരികള്‍. ഗെയില്‍, എന്‍ടിപിസി, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയ്ക്ക് നഷ്ടം നേരിട്ടു.