ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍; നിഫ്റ്റി 15,850ന് താഴെ

July 26, 2021 |
|
Trading

                  ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍; നിഫ്റ്റി 15,850ന് താഴെ

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 15,850ന് താഴെയെത്തി. എഫ്എംസിജി, ധനകാര്യം, റിയാല്‍റ്റി ഓഹരികളിലെ വില്പന സമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്. റിലയന്‍സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളില്‍നിന്ന് വന്‍തോതില്‍ ലാഭമെടുപ്പ് നടന്നു.

123.53 പോയിന്റാണ് സെന്‍സെക്സിലെ നഷ്ടം. 522,852.27ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 31.50 പോയിന്റ് താഴ്ന്ന് 15,824.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള സൂചികകളിലെ തളര്‍ച്ചയും വിപണിയില്‍ പ്രതിഫലിച്ചു. സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിച്ചതോടെ എജ്യുക്കേഷന്‍, പ്രോപ്പര്‍ട്ടി, ടെക് സെക്ടറുകള്‍ ചൈനയില്‍ സമ്മര്‍ദത്തിലായി. ഈയാഴ്ച വരാനിരിക്കുന്ന യുഎസ് ഫെഡ് റിസര്‍വ് യോഗതീരുമാനംകാത്തിരിക്കുകയാണ് നിക്ഷേപകര്‍.

ജെഎസ്ഡബ്ല്യു സ്റ്റീല്‍, വിപ്രോ, റിലയന്‍സ്, എസ്ബിഐ, മഹീന്ദ്ര  ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നിഫ്റ്റി സൂചികയില്‍ പ്രധാനമായും നഷ്ടംനേരിട്ടത്. എസ്ബിഐ ലൈഫ്, ബജാജ് ഫിന്‍സര്‍വ്, ഹിന്‍ഡാല്‍കോ, ഡിവീസ് ലാബ്, അള്‍ട്രടെക് സിമെന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.

സെക്ടര്‍ സൂചികകളില്‍ നിഫ്റ്റി എനര്‍ജി ഒരുശതമാനം താഴ്ന്നു. ബാങ്ക്, ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകളും സമ്മര്‍ദംനേരിട്ടു. അതേസമയം മെറ്റല്‍, ഫാര്‍മ, ഐടി ഓഹരികളില്‍ നിക്ഷേപക താല്‍പര്യം പ്രകടമായിരുന്നു. രൂപയുടെ മൂല്യം ഡോളറിനെതരെ 74.40 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. 74.40-74.52 നിലവാരത്തിലായിരുന്നു തിങ്കളാഴ്ച വ്യാപാരം നടന്നത്.

Related Articles

© 2025 Financial Views. All Rights Reserved