
മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. അവസാന മണിക്കൂറില്‍ ബാങ്ക്, ഓട്ടോ ഓഹരികള്‍ നേട്ടമുണ്ടാക്കിയതാണ് സൂചികളെ കനത്ത നഷ്ടത്തില്‍ നിന്ന് കാത്തത്. എങ്കിലും ആഗോള വിപണികളിലെ നഷ്ടം രാജ്യത്തെ സൂചികകളെയും പിടിച്ചുലച്ചു. നിഫ്റ്റി 17,200ന് താഴെയെത്തി. പണപ്പെരുപ്പം ഉയരുന്നതിനാല്‍ ഈവര്‍ഷം ഘട്ടംഘട്ടമായി നിരക്ക് ഉയര്‍ത്തേണ്ടിവരുമെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ സൂചിപ്പിച്ചതാണ് സൂചികകളെ ബാധിച്ചത്.
സെന്‍സെക്സ് 581.21 പോയിന്റ് നഷ്ടത്തില്‍ 57,276.94ലിലും നിഫ്റ്റി 167.80 പോയിന്റ് താഴ്ന്ന് 17,110.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു. ആക്സിസ് ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.
ആയിരംപോയന്റിലേറെ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ മിക്കവാറും സൂചികകള്‍ നഷ്ടത്തിലായിരുന്നു. പിന്നീട് പൊതുമേഖല ബാങ്ക് സൂചിക അഞ്ചുശതമാനം ഉയര്‍ന്നു. ഓട്ടോ, ബാങ്ക് സൂചികകളും 0.3-1ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്എംസിജി, റിയാല്‍റ്റി, ഫാര്‍മ, ഐടി സൂചികകള്‍ 1-3 ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.8-1.2 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.