
മുംബൈ: ബജറ്റിനുമുന്നോടിയായി നിക്ഷേപകര്‍ കരുതലെടുത്തതോടെ കനത്ത വില്പന സമ്മര്‍ദം നേരിട്ട് വിപണി. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെ, തുടക്കത്തിലെ നേട്ടം മുഴുവന്‍ നഷ്ടമായി. ബാങ്ക്, ഓട്ടോ ഓഹരികളാണ് പ്രധാനമായും സമ്മര്‍ദം നേരിട്ടത്. വ്യാപാരത്തിനിടെ 800ലേറെ പോയിന്റ് ഉയര്‍ന്ന സെന്‍സെക്സ് 76.71 പോയന്റ് നഷ്ടത്തില്‍ 57,200.23ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 5.50 പോയിന്റ് താഴ്ന്ന് 17,104.70ലുമെത്തി. യുഎസ് ഫെഡറല്‍ റിസര്‍വ് പണനയം കര്‍ശനമാക്കുന്നതും യുക്രൈന്‍ സംഘര്‍ഷവും വിപണിയില്‍ പ്രതിസന്ധി സൃഷ്ടിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി ബാങ്ക്, എല്‍ആന്‍ഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ബജാജ് ഫിന്‍സര്‍വ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. എന്‍ടിപിസി, സണ്‍ ഫാര്‍മ, ഇന്‍ഡസിന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐടിസി, വിപ്രോ, ഭാരതി എയര്‍ടെല്‍, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു. ധനകാര്യം, ഓട്ടോ സൂചികകളാണ് നഷ്ടം നേരിട്ടത്. നിഫ്റ്റി ബാങ്ക് സൂചിക 0.7 ശതമാനവും ഓട്ടോ സൂചിക 0.6 ശതമാനവും താഴ്ന്നു. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കുകയും ചെയ്തു.